samastha_banner

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍  സെന്‍ട്രല്‍ കൗണ്‍സില്‍
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴ്ഘടകമായ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അധ്യാപകരുടെ സംഘശക്തിയാണ്. സംഘടനക്ക് കേന്ദ്രകമ്മറ്റിയും കേരളത്തിനകത്തും പുറത്തുമായി 17 ജില്ലാ ഘടകങ്ങളും 395 ശാഖാതല (റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍) കമ്മിറ്റികളുമുണ്ട്. വിദ്യാര്‍ത്ഥികളുടെയും മുഅല്ലിംകളുടെയും വിജ്ഞാന പുരോഗതി ലക്ഷ്യമാക്കി ക്ലാസുകള്‍, കോഴ്‌സുകള്‍, സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്ന അധ്യാപകരുടെ ക്ഷേമം ലക്ഷ്യമാക്കി സ്തുത്യര്‍ഹവും ക്രിയാത്മകവുമായ സേവനപ്രവര്‍ത്തനങ്ങളും സംഘടന ചെയ്തുകൊണ്ടിരിക്കുന്നു. സംഘടനക്ക് കീഴില്‍ 14 തരം സേവന ആനുകൂല്യ പദ്ധതികളും 6 തരം ക്ഷേമപദ്ധതികളും നടന്നുവരുന്നുണ്ട്. 2001 ല്‍ മദ്‌റസാ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി സമസ്തയുടെ ആസ്ഥാന മന്ദിരത്തിനടുത്തു മുഅല്ലിം ട്രെയ്‌നിങ് സെന്റര്‍ (എം.ടി.സി) സ്ഥാപിച്ചു. സ്കൂള്‍ പത്താംതരം പരീക്ഷ വിജയിച്ച പെണ്‍കുട്ടികള്‍ക്ക് അഞ്ച് വര്‍ഷത്തെ കോഴ്‌സ് നല്‍കുന്ന വനിതാ ശരീഅത്ത് കോളേജും സംഘടന സ്ഥാപിച്ചിട്ടുണ്ട്. സന്തുഷ്ട കുടുംബം, കുരുന്നുകള്‍, അല്‍മുഅല്ലിം എന്നീ മാസികകള്‍ പ്രസിദ്ധീകരിക്കുന്നതും മദ്രസാ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സുന്നിബാലവേദി (എസ്.ബി.വി.)യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും എസ്.കെ.ജെ.എം.സി.സി.യാണ്. മാതൃകാ അധ്യാപകന് പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1993 ഡിസംബറില്‍ ചേളാരിയില്‍ വെച്ച് നടന്ന സംസ്ഥാന സമ്മേളനവും 2009ല്‍ കോഴിക്കോട് നടന്ന സുവര്‍ണ്ണജൂബിലിയും ഐതിഹാസികമായിരുന്നു.
സംഘടനയുടെ മുഅല്ലിം ക്ഷേമപ്രവര്‍ത്തനങ്ങള്‍ മഹത്തരവും മാതൃകാപരവുമാണ്. 2008-ല്‍ മാത്രം ഭവനനിര്‍മ്മാണം, വിവാഹം, ചികിത്സ, തുടങ്ങിയ വിഷയങ്ങള്‍ക്ക് 539 മുഅല്ലിംകള്‍ക്ക് സംഘടന 31,58,700 രൂപ നല്‍കിയിട്ടുണ്ട്. വിവിധ സര്‍വ്വീസ് ആനുകൂല്യമായി 1530 പേര്‍ക്ക് 12,26,050 രൂപയും നല്‍കിയിട്ടുണ്ട്. സമസ്തയുടെ മണ്‍മറഞ്ഞുപോയ നേതാക്കളുടെ സ്മരണാര്‍ത്ഥം 612 വിദ്യാര്‍ത്ഥികള്‍ക്ക് 4,47,500 രൂപ അവാര്‍ഡായും സെക്കണ്ടറി, ഹയര്‍സെക്കണ്ടറി മദ്‌റസകള്‍ക്ക് ഗ്രാന്റായി 1731 മദ്‌റസകള്‍ക്ക് 18,83,000രൂപയും മോഡല്‍ക്ലാസ്, അവതാരകര്‍, റെയ്ഞ്ച് ഭാരവാഹികള്‍ എന്നിവര്‍ക്കായി സേവന അലവന്‍സായി 2008ല്‍ 81,33,492 രൂപയും സംഘടന നല്‍കിയിട്ടുണ്ട്.
നമുക്ക് 2 അതിഥികള്‍ ഓണ്‍ലൈന്‍