samastha_banner

അല്ലാഹു പരിചയപ്പെടുത്തിയ പ്രവാചകന്‍

അല്ലാഹു പരിചയപ്പെടുത്തിയ പ്രവാചകന്‍
അധാര്‍മികതകളില്‍ മുഴുകിനിന്നിരുന്ന ഓരോ ജനസമൂഹത്തെയും സമുദ്ധരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അല്ലാഹു ലോകത്തേക്ക് ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം പ്രവാചകന്മാരെ തെരെഞ്ഞെടുത്തയച്ചിട്ടുണ്ട്. ആ ഒരു പ്രവാചക ശൃംഖലക്ക് പൂര്‍ണാര്‍ത്ഥത്തിലുള്ള പരിസമാപ്തിയായിട്ടാണ് പ്രവാചകന്‍ മുഹമ്മദ് (സ്വ) ആറാം നൂറ്റാണ്ടിലെ പ്രാകൃതരായ അറബി സമൂഹത്തിലേക്ക് നിയുക്തരാവുന്നത്. എ.ഡി 570 ല്‍ ജനിച്ച് 610ല്‍ പ്രവാചകത്വ ലബ്ധി വരെയുള്ള നീണ്ട നാല്‍പതു വര്‍ഷക്കാലം തന്നെ ഇലാഹിയായ ഇടപെടലുകള്‍ കൊണ്ട് സംഭവ ബഹുലമായിരുന്നു തിരുമേനി (സ്വ) യുടെ ജീവിതം. തീര്‍ത്തും സ്വാഭാവികമായ ബാലലീലകളില്‍ നിന്ന് അകന്ന് നിന്നും നൂറു ശതമാനം സത്യസന്ധത പുലര്‍ത്തിയും തന്റെ സമൂഹത്തെക്കൊണ്ട് അല്‍ അമീനെ (വിശ്വസ്തന്‍)ന്ന് ഏറ്റുവിളിപ്പിച്ചത് വഴി അല്ലാഹു അറബികള്‍ക്ക് മുന്നില്‍ തരുമേനിയുടെ രിസാലത്ത് (പ്രവാചകത്വം) പരോക്ഷമായി അറിയിക്കുകയായിരുന്നു.

അറുപത്തിമൂന്ന് വര്‍ഷത്തിന്റെ തിളങ്ങുന്ന ആയുഷ്കാലത്തിനിടയില്‍ സൃഷ്ടികളില്‍ മഹാ ശ്രേഷ്ടനും അല്ലാഹുവുമായി അഭിമുഖം സംസാരിച്ചതടക്കമുള്ള അനുഗ്രഹങ്ങള്‍ വഴി അല്ലാഹുവിന്റെ സ്‌നേഹഭാജനവുമായിത്തീര്‍ന്നു പ്രവാചകന്‍ (സ്വ). എന്നാല്‍ നബി തിരുമേനി(സ്വ)യെ അല്ലാഹു എങ്ങനെ പരിചയപ്പെയുത്തുന്നു, ഏതൊക്കെ വഴികളിലൂടെ സാക്ഷ്യപ്പെടുത്തുന്നു എന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. 

അല്ലാഹു പ്രവാചകത്വം സാക്ഷ്യപ്പെടുത്തുന്നു

എ.ഡി. ആറാം നൂറ്റാണ്ടു മുതല്‍ ലോകാവസാനം വരെ ഭൂമിയില്‍ ജീവിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും ജിന്നുകള്‍ക്കും മാര്‍ഗദര്‍ശിയായി അയക്കപ്പെട്ട അന്ത്യപ്രവാചകന്‍, മുഹമ്മദ് (സ്വ) തന്നെയാണെന്നതില്‍ സംശയമേതുമില്ല. എന്നാല്‍ പ്രവാചകന് ഇറക്കപ്പെട്ട ദിവ്യ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനില്‍ നബിയുടെ പേര് പരാമര്‍ശിക്കുന്ന ഇടങ്ങള്‍ വളരെ വിരളമാണ്. അപ്പോള്‍ തിരുമേനി(സ്വ)യുടെ രിസാലത്ത് ഏതു വിധേനെയാണ് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നത് എന്നത് വിശകലന വിധേയമാകേണ്ട വിഷയമാണ്. സത്യത്തില്‍ ഖുര്‍ആനില്‍ വളരെ വ്യക്തമായും മുന്‍കാല വേദങ്ങളില്‍ പ്രകടമായും സൂചനയായും മുഹമ്മദ് നബി(സ്വ)യെ പ്രവാചകനായി പരിചയപ്പെടുത്തുന്നുണ്ട്.

ഖുര്‍ആനിലെ അന്ത്യപ്രവാചകന്‍

പ്രവാചക ശൃംഖലയുടെ അന്തിമകണ്ണിയായി അവതരിക്കുക എന്നത് മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു നല്‍കിയ വലിയ അനുഗ്രഹമാണ്. മുഹമ്മദ്, അഹ്മദ് എന്നീ പ്രവാചക നാമങ്ങളില്‍ നബി(സ്വ) ഖുര്‍ആനിലൂടെ അഭിസംബോധനം ചെയ്യപ്പെടുന്നതും പരിചയപ്പെടുത്തപ്പെടുന്നതും അപൂര്‍വ്വമാണെങ്കിലും അവിടുത്തെ പ്രത്യേകമായ വിശേഷണങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ട് ഖുര്‍ആനില്‍ പലവുരു പ്രവാചകന്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. എല്ലാം തന്നെ തിരുമേനി(സ്വ)യുടെ പ്രവാചകത്വത്തിലേക്കുള്ള വ്യക്തമായ സൂചനകളും. ഖുര്‍ആന്‍ പറയുന്നത് കാണുക:
ar1
മുഹമ്മദ് മുമ്പ് കഴിഞ്ഞുപോയ പ്രവാചകരെപ്പോലെ ഒരു പ്രവാചകന്‍ തന്നെയാകുന്നു. (ആലു ഇംറാന്‍:144) ഉഹ്ദ് യുദ്ധാനന്തരം മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞുപരത്തി നബി(സ്വ) തിരുമേനിയുടെ രിസാലത്ത് നിഷേധിച്ചു നടന്ന മക്കയിലെ അവിശ്വാസികള്‍ക്കുള്ള മറുപടിയായിട്ടാണ് അല്ലാഹു ഈ വചനമവതരിപ്പിക്കുന്നത്. മറ്റൊരു ഖുര്‍ആനിക സൂക്തം:

ar2
മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണ് അവരോടൊപ്പം ഉള്ളവര്‍ സത്യനിഷേധികളോട് കടുത്ത സമീപനവും അവര്‍ക്കിടയില്‍ സഹവര്‍ത്തിത്വവും വച്ചുപുലര്‍ത്തുന്നവരുമാകുന്നു. (ഫത്ഹ്: 29)

ഈ സൂക്തത്തിന്റെ വ്യഖ്യാനത്തില്‍ ഇമാം ബറൂസവി(റ) തന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ റൂഹുല്‍ ബയാനില്‍ വിശദമാക്കുന്നു: തല്‍ഖീഹുല്‍ അദ്ഹാന്‍ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: താങ്കള്‍ കാരണത്താലാണ് മുഴുവന്‍ സൃഷ്ടികളും സൃഷ്ടിക്കപ്പെട്ടതെന്ന് നബി തിരുമേനി(സ്വ)യെ അല്ലാഹു അറിയിച്ചു. തിരുമേനി(സ്വ) പറയുകയുണ്ടായി: ഭൂമിയാകാശത്തിനിടയിലുള്ള മുഴുവന്‍ വസ്തുക്കള്‍ക്കും താന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് വ്യക്തമായി അറിയും.

മുഴുവന്‍ ആത്മാവുകള്‍ക്ക് മുമ്പിലും അല്ലാഹു പ്രത്യക്ഷനായപ്പോള്‍ അവയില്‍ ആദ്യം അല്ലാഹുവിനെ കണ്ടത് പ്രവാചകന്‍(സ്വ)യുടെ ആത്മാവായിരുന്നു. അങ്ങനെ തിരുമേനി(സ്വ)യുടെ ആത്മാവ് `ലാഇലാഹ ഇല്ലല്ലാഹ്' എന്ന തൗഹീദ് വചനം മൊഴിഞ്ഞു. പ്രത്യാദരാര്‍ത്ഥം അല്ലാഹു മുഹമ്മദുര്‍റസൂലുല്ലാ എന്ന് പൂര്‍ത്തീകരിക്കുകയുണ്ടായി. ഈ ഒരര്‍ത്ഥത്തിലാണ് തിരുമേനി(സ്വ), ആദം(അ) മണ്ണിനും വെള്ളത്തിനുമിടയിലായിരുന്നപ്പോള്‍ തന്നെ താന്‍ നബിയായിരുന്നു എന്നു പറഞ്ഞത്. അതായത് തിരുമേനി(സ്വ) അന്നേ പ്രവാചകത്വം സിദ്ധിച്ചവരും തന്റെ നിയോഗത്തെക്കുറിച്ച് അറിവുള്ളവരുമായിരുന്നു (റൂഹുല്‍ ബയാന്‍ : 9/21).

സൂറതു സ്വഫ്ഫില്‍ അല്ലാഹു പറയുന്നു:
ar3
ശേഷം വരാനിരിക്കുന്ന അഹ്മദ് എന്നു പേരുള്ള ഒരു പ്രവാചകനെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുകയും തനിക്കു മുമ്പുള്ള തൗറാത്തിനെ വാസ്തവീകരിക്കുകയും ചെയ്യുന്ന നിങ്ങളിലേക്കുള്ള ഒരു പ്രവാചകനാണ് താനെന്ന് ഈസബ്‌നു മര്‍യം പറഞ്ഞു. അങ്ങനെ ഈസാ നബി ദൃഷ്ടാന്തങ്ങളുമായി വന്നപ്പോള്‍ ഇതു വ്യക്തമായ മാരണമാണെന്ന് പറഞ്ഞ് അവര്‍ കളവാക്കി.(സൂറഃ സ്വഫ്: 6)

മേല്‍സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ റൂഹുല്‍ ബയാന്‍ വിശദീകരിക്കുന്നു: നബി തങ്ങളുടെ സ്വഭാവ വിശേഷണങ്ങളെ വിവരിക്കാന്‍ സ്വഹാബാക്കള്‍ ആവശ്യപ്പെട്ടു. നബി തിരുമേനി(സ്വ) പറഞ്ഞു: ഞാന്‍ ഇബ്‌റാഹീ(അ)മിന്റെ പ്രാര്‍ത്ഥനയും ഈസാ നബി(അ)യുടെ സന്തോഷ വാര്‍ത്തയുമാകുന്നു. എന്നെ ഗര്‍ഭം ചുമന്ന സമയത്ത് മാതാവില്‍ നിന്ന് ശാമിലെ ബസ്വറ കൊട്ടാരങ്ങളെ ജ്വലിപ്പിക്കുമാറ് ദീപ്തമായൊരു പ്രകാശം പുറപ്പെടുകയുണ്ടായിട്ടുണ്ട്.

നമുക്ക് ശേഷം മറ്റുവല്ല സമൂഹവും ഇവിടെ വരാനുണ്ടോ എന്നു ചോദിച്ച തന്റെ അപ്പോസ്തലന്മാരോട് ഈസാ(അ) ഇങ്ങനെ പറയുകയുണ്ടായി: പണ്ഡിതരും തത്ത്വജ്ഞാനികളും ഗുണവാന്മാരും ഭയഭക്തരുമായ മുഹമ്മദ് നബി(സ്വ)യുടെ സമൂഹം ശേഷം വരാനുണ്ട്. അറിവിന്റെ കാര്യത്തില്‍ അവര്‍ പ്രവാചകന്‍മാരെപ്പോലെയാണ്. അല്ലാഹുവിന്റെ പക്കല്‍ നിന്ന് ലഭിക്കുന്ന ചെറിയ തോതിലുള്ള അതിജീവന മാര്‍ഗങ്ങളില്‍ അവര്‍ സംതൃപ്തരാവുന്നു. അവര്‍ ചെയ്യുന്ന നിസ്സാരമായ ആരാധനാ കര്‍മ്മങ്ങളില്‍ അല്ലാഹു തിരിച്ചും തൃപ്തനാവുന്നു. (9/498-502 റൂഹുല്‍ ബയാന്‍ )

അങ്ങനെ ചുരുക്കം സൂക്തങ്ങളിലൂടെയാണെങ്കിലും തിരുമേനി (സ്വ)യുടെ അന്ത്യ പ്രവാചകത്വം അല്ലാഹു വളരെ സ്പഷ്ടവും അസന്ദിഗ്ദവുമായി ഖുര്‍ആന്‍ മുഖേന വ്യക്തമാക്കുന്നുണ്ട്. അതോടു കൂടെ പ്രവാചകന്റെ സവിശേഷതകളെയും പ്രവാചകന്‍ കാരണം സമുദായത്തിന് അല്ലാഹു നല്‍കിയ ഒട്ടനേകം അനുഗ്രഹങ്ങളെയും കുറിച്ച് ധാരാളം ഖുര്‍ആനിക സൂക്തങ്ങളുമുണ്ട്. നബി തിരുമേനി(സ്വ)ക്ക് പലവിധേന അല്ലാഹു ആദരങ്ങള്‍ അര്‍പ്പിച്ചു നല്‍കുന്നതും ഖുര്‍ആനില്‍ കാണാനാവും. 

(ലേഖനം തുടരും.)

നമുക്ക് 2 അതിഥികള്‍ ഓണ്‍ലൈന്‍